സുരേഷ് ഗോപിയുടെ 'കമ്മീഷണർ' എന്റെ കുട്ടിക്കാലത്ത്
കുട്ടിക്കാലത്ത് എൽ പി സ്കൂളിൽ പഠിക്കുന്ന കാലം... ഞാൻ സ്കൂളിൽ നിന്നും മടങ്ങി വന്നപ്പോൾ വീടിന്റെ മുറ്റത്ത് വലിയ ആൾക്കൂട്ടം.കുട്ടികളും സ്ത്രീകളും വീടിന് അഭിമുഖമായിരിക്കുന്നു. പുരുഷന്മാർ നിൽക്കുന്നു. സംഭവം മറ്റൊന്നുമല്ല വീട്ടിൽ അക്കാലത്തെ ഹിറ്റ് ചിത്രം കമ്മീഷണർ വി സി ആറിൽ പ്ലേ ചെയ്തിരിക്കുകയാണ്. തൊണ്ണൂറുകളുടെ മധ്യകാലമാണ് ടിവി , വി സി ആർ ഒന്നും സർവ്വസാധാരണമല്ല.പിന്നെ ഇതെന്റെ അമ്മാവൻ വാടകയ്ക്ക് എടുത്ത് കൊണ്ടുവന്നതാണ്.അന്നുവരെ ഞാൻ ടി വി യിൽ പരിപാടികളോ സിനിമയോ കണ്ടിട്ടില്ല.ഓർമ്മ വച്ചിട്ട് ഞാൻ ആദ്യമായി ടിവിയിൽ കാണുന്ന സിനിമ കമ്മീഷണർ ആണ്. സംഭവം കൊള്ളാം സുരേഷ് ഗോപി തോക്കൊക്കെയായിട്ട് അടിപൊളി ബാക്ഗ്രൗണ്ട് മ്യൂസികിൽ പൊളിച്ചടുക്കുന്നു. സിനിമ കണ്ടുകഴിഞ്ഞ് കുറേക്കാലം ആ ഹാങ് ഓവറിൽ തോക്കുമായി സുരേഷ് ഗോപിയുടെ ഡയലോഗ് പറയുക , അദ്ദേഹത്തെ അനുകരിച്ച് നടക്കുക ഇതൊക്കെയായിരുന്നു പരിപാടി.കളിപ്പാട്ടങ്ങളിൽ കൂടുതൽ സ്ഥാനം തോക്കുകൾക്കായി.കാലം കടന്നുപോയി തോക്കുകളോട് ഇഷ്ടം മനസിലുണ്ട്. പക്ഷേ കളിത്തോക്കുകളുമായി കളിക്കേണ്ട പ്രായം കഴിഞ്ഞു.കോളേജ് പഠനകാലത്ത് ഇടക്കിത് പ്രഫഷണലായി പരിശീലിക്കുന്നതിനെ കുറിച്ചന്വേഷിച്ചു. അടുത്തെങ്ങും അങ്ങനെയുള്ള സ്ഥാപനങ്ങളില്ല പിന്നെയിത് വലിയ ചിലവുള്ള പരിപാടിയാണെന്ന് മനസ്സിലായി.
അങ്ങനെ കാലങ്ങൾ കഴിഞ്ഞു ,ജോലിയായി . ഒരിക്കൽ ജോലിയുടെ ഭാഗമായി യാത്ര ചെയ്യുമ്പോൾ ഒരു ബോർഡ് കണ്ടു.ആലപ്പുഴ ജില്ലയിൽ റൈഫിൾ ക്ലബ് വന്നു. അന്നുതന്നെ വിവരങ്ങൾ അന്വേഷിച്ചു, നിയമാനുസൃത രേഖകൾ നൽകി പരിശീലനം തുടങ്ങി. ചെറിയ കാലയളവിൽ തന്നെ ജില്ലാ, സംസ്ഥാന, സൗത്ത് ഇന്ത്യൻ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള അവസരങ്ങൾ ലഭിച്ചു.(ഇത് ഈ മേഖലയിലെ വലിയ നേട്ടമായി കരുതുന്നില്ല).
ഒരിക്കൽ തോക്ക് സംബന്ധമായ കാര്യങ്ങൾക്കായി കൊച്ചിൻ ആർമിയിൽ ചെന്നപ്പോൾ അതിന്റെ ഓണറോട് ഞാൻ ചോദിച്ചു ആലപ്പുഴയിൽ ഒരു സ്ഥാപനം തുടങ്ങിക്കൂടെയെന്ന്. അപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞത് "ആവശ്യക്കാരൻ അന്വേഷിച്ചു ഇവിടെ വരും, ആലപ്പുഴക്കാരനായ നിങ്ങളിവിടെ വന്നില്ലേ?. തോക്കിനോട് ആഗ്രഹം തോന്നുന്നത് അതിനോട് ഒരു ജന്മവാസനയോ, വളരെ കുഞ്ഞു പ്രായത്തിലോ മനസിൽ കയറിക്കൂടണം. അല്ലാതെ വെറുതെ കൊടുത്താലും ആരും വാങ്ങില്ല "
അദ്ദേഹം പറഞ്ഞത് ശരിയാണെന്നെനിക്കും തോന്നി.എനിക്ക് ജന്മനാ അതിനോട് താൽപര്യം ഉണ്ടിയിരുന്നിരിക്കാം, എന്റെ കുട്ടിക്കാലത്തത് ആ താൽപര്യം മനസ്സിൽ ഉറപ്പിച്ചത് കമ്മീഷണർ എന്ന സിനിമയുടെ സ്വാധീനം വലുതാണ്.
ഒരുപാട് പേരെ ഇൻസ്പൈർ ചെയ്യുന്ന സുരേഷ് ഗോപിയുടെ ജന്മദിനമാണിന്ന്.അദ്ദേഹത്തിന് എന്റെ ജന്മദിനാശംസകൾ