റാം C/o ആനന്ദി
ആദ്യമേ തന്നെ പറയട്ടെ പുസ്തകം വായനയെ ഗൗരവുമായി കാണുന്നവരും, വിശ്വസാഹിത്യം വായിക്കുന്നവരും ഇത് വായിച്ചാൽ ചിലപ്പോൾ ഇഷ്ടപ്പെടണമെന്നില്ല.
ഫെയ്സ്ബുക്കിലെ എഴുത്തുകാരായ സുഹൃത്തുക്കളിൽ ഒരാളായ അഖിൽ പി ധർമജന്റെ പുതിയ പുസ്തകം റാം C/o ആനന്ദി ഇന്നലെ രാത്രി ഒറ്റ ഇരിപ്പിന് വായിച്ചുതീർത്തു.ഇത് എഴുത്തുകാരൻ പറഞ്ഞതുപോലെ ഒരു സിനിമാറ്റിക് നോവലാണ് , എഴുത്തുകാരൻ ഇതിനെ കാറ്റഗറൈസ് ചെയ്തിരിക്കുന്നത് അങ്ങനെയാണ്. ഒരു സിനിമ കാണുന്നതുപോലെ എല്ലാ ചേരുവകളും ചേർത്ത് എഴുതപ്പെട്ടിരിക്കുന്ന ഒരു നോവൽ . ഫൈറ്റും ഡാൻസും ചെയ്സും സോങ്ങും ഒക്കെയായിട്ട് ഒരു സിനിമ കാണുന്നതുപോലെ തന്നെ.
ചെന്നൈയുടെ പശ്ചാത്തലത്തിലാണ് എഴുത്തുകാരൻ കഥ പറയുന്നത്. അതുകൊണ്ടുതന്നെ ചെന്നൈയിലേക്ക് ഒരിക്കലെങ്കിലും പോയിട്ടുള്ളവർക്കും യാത്ര ചെയ്തിട്ടുള്ളവർക്കും വളരെ പെട്ടെന്ന്കഥയിലേക്ക് ഇറങ്ങിച്ചെല്ലാൻ കഴിയും. ആദ്യ പകുതി വളരെ രസകരമായിട്ടും തമാശയും ചിരിയും നിറച്ച് കഥ മുന്നോട്ടു പോകുന്നു. രണ്ടാം പകുതി മുതൽ കഥയും കഥാപാത്രങ്ങളും മറ്റൊരു ദിശയിലേക്ക് പോകുന്നു. പതിറ്റാണ്ടുകൾക്കുമുമ്പ് ഒരു വിഭാഗം തമിഴ് ജനതയുടെ ജീവിതവും ചരിത്രവും വർത്തമാനകാലവുമൊക്കെയായിട്ട് കഥ വല്ലാണ്ട് സംഘർഷഭരിതമാകുന്നു. ചില കഥാപാത്രങ്ങളിലും കഥാസന്ദർഭങ്ങളിലും അതിശയോക്തി തോന്നുമെങ്കിലും ചരിത്ര പശ്ചാത്തലം അങ്ങനെ ആയതുകൊണ്ട് അങ്ങനെ ആവുന്നതിൽ വലിയ പ്രശ്നം തോന്നുകയില്ല.ചില കഥാസന്ദർഭങ്ങൾ യുക്തിക്ക് അപ്പുറത്തേക്ക് പോകുന്നു തമിഴ് സിനിമയിൽ കാണുന്നത് പോലെയാണെങ്കിൽ അതിൽ ഒരുകുഴപ്പമില്ല (ലൊക്കേഷൻ ചെന്നൈ ആണല്ലോ). കഥയിൽ ഒരുപാട് ജൂനിയർ ആർട്ടിസ്റ്റുകളെ തൊട്ട് സൂപ്പർസ്റ്റാറുകളെ വരെ എത്തിച്ചു,സിനിമയാക്കിയാൽ ഇത് ബിഗ് ബജറ്റിലെ പ്ലാൻ ചെയ്യാൻ പറ്റൂ എന്നാണ് കഥാകാരൻ ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് എനിക്ക് തോന്നുന്നു. പിന്നെ സെൻസർ ബോർഡ് ഇതിൽ 'ബീപ് സൗണ്ട് '(ടൂ.....) ഒരുപാട് ഉപയോഗിക്കേണ്ടിവരും.
ഇത് കണ്ടിട്ട് സിനിമാമേഖലയിലെ എൻറെ ഏതെങ്കിലും സുഹൃത്തുക്കൾക്ക് സിനിമയാക്കണമെന്ന തോന്നിയാൽ അഖിലിനെ ബന്ധപ്പെടാവുന്നതാണ്. എഴുത്തുകാരനെയും ആഗ്രഹം ഇതൊരു സിനിമയായി കാണാനാണ്.....